Society Today
Breaking News

ബംഗളുരു: ചന്ദ്രന്‍യാന്‍ മൂന്ന് ദൗത്യത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ  ലാന്‍ഡര്‍ താഴ്ത്തല്‍ നാളെ ആരംഭിക്കും.ഏറെ ആകാംഷയോടെയാണ് രാജ്യം ഇതിനായി കാത്തിരിക്കുന്നത്. താഴ്ത്തലിന് തൊട്ടു മുമ്പുള്ള  നിമിഷങ്ങള്‍ ഏറെ നിര്‍ണ്ണായകമാണെന്നാണ് ഐ.എസ്.ആര്‍.ഒ അധികൃതര്‍ വ്യക്തമാക്കുന്നത്.നാളെ വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് വിക്രം ലാന്‍ഡര്‍ താഴ്ത്താനാരംഭിക്കും. അതിനു മുന്‍പുതന്നെ ലാന്‍ഡറിലും റോവറിലുമുള്ള ഉപകരണങ്ങളുടെ കൃത്യത പരിശോധിച്ച് ഉറപ്പാക്കും. 20 മിനിറ്റ് കൊണ്ട് ലാന്‍ഡര്‍ ചന്ദ്രോപരിതലം തൊടും. ചന്ദ്രപ്രതലത്തിലേക്ക് ഇറങ്ങാനാരംഭിച്ചാല്‍ ലാന്‍ഡറിനെ ഭൂമിയില്‍നിന്നു നേരിട്ടു നിയന്ത്രിക്കാനാകില്ല. ഡേറ്റ അപ്‌ലോഡ് ചെയ്താണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ലാന്‍ഡ് ചെയ്യുന്ന ഓരോ നിമിഷത്തെയും വിവരങ്ങള്‍ അപ്പപ്പോള്‍ കണ്‍ട്രോള്‍ സെന്ററില്‍ ലഭിക്കും. ഇത്തവണ ചന്ദ്രയാന്‍ ദൗത്യം വിജയിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍  കെ.ശിവന്‍ വ്യക്തമാക്കി.

ചന്ദ്രയാന്‍ ലാന്‍ഡിംഗ് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ തല്‍സമയം കാണാന്‍ സൗകര്യം ഉണ്ട്.തല്‍സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് നാളെ വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് സംവിധാനം ഒരുക്കുന്നത്. 6.04 ന് ലൂണാര്‍ ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന്  ഡിസംബറില്‍ തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടത്തുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ കര്‍ട്ടന്‍ റെയ്‌സര്‍ പരിപാടിയായി മൂണ്‍ സെല്‍ഫി പോയിന്റും സജ്ജമാക്കും. 'നൈറ്റ് അറ്റ് ദി മ്യൂസിയം' പരിപാടിയുടെ ഭാഗമായി രാത്രി പത്തു മണി വരെ വാനനിരീക്ഷണ സൗകര്യം നാളെയുണ്ടാകും.മുഖ്യമന്ത്രിയുടെ ശാസ്‌ത്രോപദേഷ്ടാവ് ഡോ. എം.സി. ദത്തന്‍, ഗവേഷകരായ ഡോ. അശ്വിന്‍ ശേഖര്‍, ഡോ. വൈശാഖന്‍ തമ്പി എന്നിവര്‍ ചാന്ദ്രദൗത്യത്തെപ്പറ്റി സംസാരിക്കും. പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കും.

Top